"മാമാങ്കം " മലയാള സിനിമയുടെ ചരിത്രമാകും. മാസ്റ്റർ അച്ചുതനാണ് താരം. മമ്മൂട്ടിയും , ഉണ്ണി മുകുന്ദനും മിന്നുംതാരങ്ങൾ . എം. പത്മകുമാറിന്റെ മികച്ച സംവിധാനം .


മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് മേക്കർ എം. പത്മകുമാർ ഒരുക്കിയ "മാമാങ്കം " പ്രേക്ഷകർ സ്വീകരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ ഉടനീളം കാണുന്നത് . തീയേറ്ററുകളിലെ  പ്രേക്ഷക പങ്കാളിത്വം തന്നെ അതിന്റെ തെളിവാണ്. 

ചരിത്രത്തിൽ അവസാനമായി നിലപാട് തറയിൽ മാമാങ്കത്തിനെത്തിയ പന്ത്രണ്ട്  വയസ്സുകാരൻ ചന്തുണ്ണിയുടെ ജീവിതത്തിലൂടെയാണ് മാമാങ്കത്തിന്റെ കഥ പറയുന്നത്. 

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ " മാമാങ്കം "  കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമ്മിച്ചിരിക്കുന്നത്
മലയാളത്തിന് പുറമെ  ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്തു .

ദേശത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ പോരാട്ട വീര്യത്തിന്റെ ഇതിഹാസങ്ങൾ ഇതൾ വിരിയുന്ന ചിത്രമാണ് മാമാങ്കം. 16, 17 നൂറ്റാണ്ടുകളിൽ ഭാരതപ്പുഴയുടെ തീരത്ത് നടന്ന മാമാങ്കം മണൽത്തരികളെപ്പോലും കോരിത്തരിപ്പിച്ചിരുന്നു. അറമ്പി, ഗ്രീക്ക് , ചീന ആഫ്രിക്കൻ വ്യാപാരികൾ വരെ കച്ചവടത്തിനെത്തിയിരുന്ന മാമാങ്ക മഹോത്സവത്തിൽ അദ്ധ്യക്ഷ പദമലങ്കരിച്ചിരുന്നത് വള്ളുവക്കോനാതിരിയായിരുന്നു. ഇതിൽ അസൂയ പൂണ്ട സാമൂതിരി വള്ളുവക്കോനാതിരിയെ അധികാര ഭൃഷ്ടനാക്കി മാമാങ്കത്തിന്റെ അദ്ധ്യക്ഷ  സ്ഥാനം തട്ടിയെടുത്തതോടെയാണ് മാമാങ്ക മഹോൽസവം വള്ളുവനാട്ടിലെ ചാവേറുകളുടെ ചോര പൂരണ്ട മഹാ ഇതിഹാസമായി മാറിയത്. 

തിരിച്ച് വരില്ലെന്ന് ഉറപ്പ് ഉണ്ടായിട്ടും പിറന്ന നാടിന്റെ അഭിമാനം കാക്കാൻ പുറപ്പെടുന്ന ചങ്കൂറ്റത്തെയാണ് ചാവേർ എന്ന് വിളിക്കുന്നത്. തിരുനാവായ മണപ്പുറത്തെ നിലപാട് തറയിൽ പന്ത്രണ്ട് വർഷം കൂടുമ്പോൾ അരങ്ങേറിയിരുന്ന " മാമാങ്കം'' ഉൽസവം മാത്രമായിരുന്നില്ല ,ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു പോരാട്ടം കൂടിയായിരുന്നു. മാമാങ്കത്തിന്റെ ചരിത്രത്തിൽ ഒരേയൊരു ചാവേറിന് മാത്രമെ നിലപാട് തറയിൽ കാലു കുത്താൻ പറ്റിയിട്ടുള്ളു. ചന്തുണ്ണിയെന്ന പന്ത്രണ്ട്              വയസ്ക്കാരനായ ബാലൻ ആയിരുന്നുവെന്നും ,അല്ലെന്നും ചരിത്രത്തിൽ പറയുന്നു. 

വിവിധ ഗെറ്റപ്പുകളിൽ  പ്രത്യക്ഷപ്പെടുന്ന മമ്മുട്ടി ചാവേർ തലവൻ വലിയ പണിക്കരായും ,കുറുപ്പായും വേഷമിടുന്നു.പുതുമുഖം അച്ചൂതനാണ് ചന്ദ്രോത്ത് ചന്തുണ്ണിയെന്ന പന്ത്രണ്ട്  വയസ്ക്കാരനെ അവതരിപ്പിക്കുന്നത്. ചന്തുണ്ണിയുടെ അമ്മാവനായ ചന്ദ്രോത്ത് പണിക്കരായി ഉണ്ണി മുകുന്ദനും വേഷമിടുന്നു. 

പ്രാഞ്ചി തെഹ് ലാൻ ( ഉണ്ണിമായ) ,സിദ്ദീഖ് ( വള്ളുവ കോനാതിരിയുടെ പടത്തലവൻ ) , തരുൺ അറോറ            ( സമർക്കോയ) , മണികണ്ഠൻ ആർ. ആചാരി ( മണിയൻ ) , മോഹൻ ശർമ്മ ( സമോറിൻ )  , അനു സിത്താര              ( മാണിക്യം )  ,കനിഹ ( ചിരുദേവി ) , സുരേഷ് കൃഷ്ണ ( പോക്കർ )  ,  ഇനിയ ( ഉണ്ണിനീലി)   ,സുദേവ് നായർ                  ( രാരിച്ചൻ ) , മണിക്കുട്ടൻ ( മൊയിൻ)  ,  ബൈജു എഴുപുന്ന ( കോന്തി നായർ )  , അബു സലിം ( പടയാളി )  ,അജയ് രത്തിനം ( സാമുതിരി )  തുടങ്ങിയവർ    " മാമാങ്ക "ത്തിൽ വിവിധ വേഷങ്ങളിൽ അഭിനയിക്കുന്നു .ഇവരോടൊപ്പം ഇടവേളബാബു , സുരേഷ്കുമാർ , കവിയൂർ പൊന്നമ്മ , മാലാ പാർവ്വതി , വൽസലാ മോനോൻ , നിലബൂർ ഐയിഷ , ജയൻ ചേർത്തല തുടങ്ങിയവരും അഭിനയിക്കുന്നു. 

മനോജ്പിള്ള ഛായാഗ്രഹണവും , എം. ജയചന്ദ്രൻ സംഗീതവും , രാജാ മുഹമ്മദ് എഡിറ്റിംഗും , സൻജിത് ബൽഹാരാ ,അൻകിത് ബൽഹാരാ എന്നിവർ പശ്ചാത്തല സംഗീതവും , റഫീഖ് അഹമ്മദ് ,അജയ് ഗോപാൽ എന്നിവർ ഗാന രചനയും ,മോഹൻദാസ് കലാസംവിധാനവും ,കമല കണ്ണൻ  വി.എഫ്. എക്സും ,ശ്യാം കൗശൽ ,ത്യാഗരാജൻ എന്നിവർ അക്ഷൻ രംഗങ്ങളും  നിർവ്വഹിക്കുന്നു.  ശ്രേയ ഘോഷാൽ , ബോംബെ ജയശ്രീ , ഉണ്ണി ഇളയരാജ , യാസിൻ നിസാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

" ഒരു വടക്കൻ വീരഗാഥയിൽ ഹരിഹരന്റെ സംവിധാന സഹായിയായിരുന്ന എം. പത്മകുമാർ മൂന്ന് പതിറ്റാണ്ടിന് ശേഷം അതേ സിനിമയിലെ നായകനായ മമ്മൂട്ടിയെ വെച്ച് ഒരുക്കുന്ന ചിത്രം കൂടിയാണ് " മാമാങ്കം'' .പഴശ്ശിരാജാ "യ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞ് മമ്മൂട്ടി നായകനാകുന്ന സിനിമയുമാണ് മാമാങ്കം. 

" മാമാങ്കം " നമ്മുടെ മാത്രം കഥയാണ് .സാമൂതിരി രാജാവിനെയും അദ്ദേഹത്തിന്റെ പടയാളികളെയും നേരിടാൻ പോകുന്ന ചെറിയ ഗ്രൂപ്പിനെപ്പറ്റിയാണ് സിനിമ പറയുന്നത്. ചാവേറുകൾ സാധാരണ മനുഷ്യരാണ് .തങ്ങളുടെ രാജ്യത്തിനും രാജാവിനും വേണ്ടി ജീവനർപ്പിക്കാൻ ഇറങ്ങി തിരിച്ചവരാണ് ചാവേറുകൾ .ഇതിലെ നായകർക്ക് പരാജയം ഉറപ്പാണ് ,വീറോടെ പോരാടാനും ,വീരോചീതമായി മരിക്കുകയും ചെയ്യുന്നവരാണ് ചാവേറുകൾ .ചാവേറുകൾ കൊല്ലപ്പെടാൻ വിധിക്കപ്പെട്ടവരാണ്. 

ഇമോഷന് പ്രാധാന്യം നൽകുന്നതോടൊപ്പം പ്രണയവും, യുദ്ധവുമെല്ലാം സിനിമയിലുണ്ട്. ചാവേറുകളുടെ വ്യർത്ഥമായ ജീവിതത്തിന്റെ വികാര വിചാരങ്ങളാണ് സിനിമയിൽ  നിറഞ്ഞു നിൽക്കുന്നത്. ഇതാണ് മാമാങ്കം സിനിമയുടെ അടിസ്ഥാനവും .
മികച്ച ആക്ഷൻ സീനുകൾ , വിസ്മയിപ്പിക്കുന്ന യുദ്ധരംഗങ്ങൾ , ദൃശ്യവിസ്മയങ്ങൾ , വൈകാരിക നിമിഷങ്ങൾ എല്ലാം നിറഞ്ഞ ചരിത്രത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്ന സിനിമയാണ് " മാമാങ്കം'' .

മമ്മുട്ടിയുടെ മിന്നുന്ന പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. മാസ്റ്റർ അച്ചുതനും , ഉണ്ണി മുകുന്ദനും പ്രേക്ഷകരുടെ കൈയ്യടി എറ്റുവാങ്ങി. 
മലയാള ഭാവി താരമായി മാസ്റ്റർ അച്ചുതൻ മാറുന്നു. ഉണ്ണി മുകുന്ദന്റെ സിനിമ കരിയറിലെ മികച്ച വേഷമാണ് ചന്ദ്രോത്ത് പണിക്കർ. കോർട്ടുകളുടെ റാണി നെറ്റ്ബോൾ ടീമിന്റെ മുൻ ഇന്ത്യ ക്യാപ്റ്റൻ പ്രാചി തെഹ് ലാന്റെ തുടക്കം ഗംഭീരമായി.

ചരിത്രത്തോട് തികച്ചും നീതി പുലർത്തിയ തിരക്കഥയാണ് മറ്റൊരു ആകർഷണം . കലാസംവിധാനവും ,ഛായാഗ്രഹണവും , വിഷ്യൽ വി. എഫ്. എക്സും , സംഗീതവും നന്നായിട്ടുണ്ട് .

എം.പത്മകുമാറിന്റെ സംവിധാന മികവ് എടുത്ത് പറയാം. എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ പറ്റുന്ന സിനിമയാണ്                 " മാമാങ്കം'' .
Rating : 4 / 5 .

സലിം പി. ചാക്കോ .

No comments:

Powered by Blogger.