ദേശാടനത്തിലാണ് ഈ കലാകാരൻ .അതേ,
ഇതൊരു ദേശാടനക്കിളിയാണ് .     പേര് ജയ്ശങ്കർ പൊതുവത്ത് .
തടികുറയ്ക്കാൻ നടക്കുന്നവർക്കിടയിൽക്കൂടി
നാടറിഞ്ഞ് നടക്കുന്നവൻ .
നടക്കാൻ വേണ്ടി നടക്കുന്നവൻ .
ആഴ്ച്ചയിലൊരിക്കൽ കോഴിക്കോട് വെളളയിൽ റെയിൽവേ സ്റ്റേഷന് അടുത്തുള്ള വീട്ടിൽ നിന്നും ഏറെ അകലെയുള്ള കുതിരവട്ടം ദേശപോഷിണി വായനശാലയിലേക്കും,
തിരിച്ചുമുള്ള കാൽനട
ജീവിതചര്യയാക്കി,
നടന്നുനടന്ന് ഇന്ന് ഊരുകളിൽ നിന്ന് ഊരുകളിലേക്ക് ദേശാടനം ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ.
അതേ ഒഴുക്കിനെതിരെ ഒഴുകുന്ന ഒരു കാട്ടുതടിയാണിയാൾ.
കയ്യെത്തും ദൂരത്ത് സിനിമയെന്ന മായിക പ്രപഞ്ചം ഉണ്ടായിട്ടും '
നാടിന്റെ അകമറിയുന്ന നാടകത്തെ നെഞ്ചേറ്റിയ മനുഷ്യൻ.
നാടകം വിട്ട് സിനിമയിലേക്കോടുന്നവർക്കിടയിൽ , സിനിമ വിട്ട് നാടകത്തിലേക്ക് നടക്കുന്ന പ്രതിഭാധനൻ.


തൃശ്ശൂർ ജില്ലയിൽ പെരിഞ്ഞനത്ത് ,
മണിയ്ക്കത്ത് ബാലകൃഷ്ണമേനോന്റെയും,
വടക്കേ പൊതുവത്ത് ജാനകിയമ്മയുടേയും രണ്ടാമത്തെ മകനായി
1951 ജൂൺ 15ന് ജനിച്ച ജയ്ശങ്കർന് ചെറുപ്പം തൊട്ടൊരു പ്രണയം!
വെറും പ്രണയമല്ല,
അസ്ഥിക്കു പിടിച്ച പ്രണയം !
വോറൊന്നിനോടുമല്ല, നാടകത്തോട് !
ആ പ്രണയം ജീവിതം തന്നെയായപ്പോൾ അതിൽ കുന്തിയും, പീലാത്തോസുമൊക്കെ പിറന്നു.

രണ്ട് അമച്വർ നാടകങ്ങൾ.
അവ അഖില കേരള പുരസ്ക്കാരങ്ങളാൽ ആശീർവ്വദിക്കപ്പെട്ടു.
പിന്നീട് സുരാസുവിനെ നായകനാക്കി കഴുതകളുടെ സ്വർഗ്ഗം .
നെല്ലിക്കോട് ഭാസ്ക്കരൻ സംവിധാനം ചെയ്ത ശകുനിയിൽ പൊതുവത്തിന്റെ പേനത്തുമ്പിൽ ജനിച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത് കുതിരവട്ടം പപ്പുവും, വി.ബാലചന്ദ്രനും, സാവിത്രി ശ്രീധരനും ഒക്കെ.
ഇതിനിടെ രചനയും, സംവിധാനവും നിർവ്വഹിച്ചുകൊണ്ട് വൃത്തം ഇതിവൃത്തം എന്ന നാടകം.
നിരവധി പുസ്തകങ്ങൾ ഇതിനിടയിൽ പിറന്നു -
ശൈലീ സാഗരം, പ്രതിഭാശാലികളുടെ പ്രണയങ്ങൾ, സി.ജി.യുങ്ങ്;
ഹാംലറ്റ്, ജൂലിയസ് സീസർ എന്നിവയുടെ തർജ്ജമ ...അങ്ങനെ നീളുന്ന ഒരു പട്ടിക.
വാസ്കോഡഗാമ ആയിരുന്നു അവതരിപ്പിച്ച അവസാന നാടകം !
പ്രേക്ഷക ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ആ നാടകത്തിൽ കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും ആയിരുന്നു അഭിനേതാക്കൾ.

പൊതുവത്തിന്റെ പേനയ്ക്ക് പക്ഷേ വിശ്രമം കിട്ടിയില്ല.
1996 ലെ മികച്ച പ്രൊഫഷണൽ നാടകത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്ക്കാരം തേടിയെത്തി .
ഒ.ചന്തുമേനോന്റെ 'ശാരദ ' യുടെ നാടക ഭാഷ്യത്തിന് .
ഏകദേശം ഇരുപത്തിമൂന്നോളം നാടകങ്ങൾ ആ തൂലികയിൽ പിറന്നു.
ശകുനി, വർഗ്ഗം എന്നീ നാടകങ്ങൾ അടിയന്തിരാവസ്ഥ കാലത്ത് ചർച്ചാ വിഷയമായിരുന്നു.
ഈച്ചര വാര്യരുടെ പ്രിയപുത്രൻ രാജൻ വർഗ്ഗം എന്ന നാടകം ഇഷ്ടപ്പെട്ട്,
അത് എഞ്ചിനിയറിംഗ് കോളേജിൽ അവതരിപ്പിക്കുകയും,
അതിൽ അഭിനയിക്കുകയും ചെയ്തു.
ഇതിനിടയിൽ സിനിമയിലും പൊതുവത്തിന്റെ കൈകൾ എത്തിപ്പെട്ടു.

1979ൽ മനോരഥം എന്ന ചിത്രത്തിന് കഥയും, തിരക്കഥയുമൊരുക്കി.
തുടർന്ന് എട്ടോളം ചിത്രങ്ങൾ.
മനോരഥം, കൈവഴികൾ പിരിയുന്നു,ഓർക്കുക വല്ലപ്പോഴും, സമയമായില്ല പോലും ,എന്നീ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളും,
മനയ്ക്കലെ തത്ത, ഈഗിൾ എന്നീ കളർ സിനിമകളും.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മനോരഥം, കൈവഴികൾ പിരിയുന്നു എന്നീ ചിത്രങ്ങളാണ്.
മനോരഥം സംവിധാനം ചെയ്തത് പി.ഗോപികുമാർ ആയിരുന്നു.
ആ ചിത്രത്തിൽ ഭാസ്ക്കരൻ മാസ്റ്റർ അഭിനയിച്ചു  എന്നത് ഒരു പ്രത്യേകതയാണ്.
രാഘവൻ, കെ.പി.ഉമ്മർ, ശാരദ, കെ.പി.എ.സി.ലളിത ,അടൂർ ഭാസി, പൂജപ്പുര രവി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു മനോരഥത്തിലെ മറ്റ് അഭിനേതാക്കൾ .

പി.ഭാസ്ക്കരൻ മാസ്റ്റർ നിർമ്മാതാവായി ,
ജയൻ, സോമൻ, വിധുബാല, കെ.പി.എ.സി.ലളിത തുടങ്ങിയവർ അഭിനയിച്ച ചിത്രമായിരുന്നു  കൈവഴികൾ പിരിയുന്നു എന്ന ചിത്രം.
 പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല.

എസ്.ബാബു സംവിധാനം ചെയ്ത
ഓർക്കുക വല്ലപ്പോഴും എന്ന ചിത്രത്തിൽ കെ.പി.ഉമ്മർ, ജയഭാരതി, ജയൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.

യു.പി.ടോമി ആയിരുന്നു സമയമായില്ല പോലും സംവിധാനം ചെയ്തത്.
കെ.പി.ഉമ്മർ, കവിയൂർ പൊന്നമ്മ, കുതിരവട്ടം പപ്പു തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.

ബാബു കുരുവിളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ
മനയ്ക്കലെ തത്തയിൽ ടി.ജി.രവി,
ജഗതി, ഉണ്ണിമേരി, രോഹിണി തുടങ്ങിയവരായിരുന്നു താരങ്ങൾ.

അമ്പിളി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഈഗിൾ.
പി.സുകുമാർ, പൂനംദാസ് ഗുപ്ത,
ഇന്നസെന്റ് തുടങ്ങിയവർ അഭിനയിച്ചു.

വേണു നാഗവള്ളി തിരക്കഥയെഴുതി സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അർത്ഥം' എന്ന ഹിറ്റ് ചലച്ചിത്രം, പൊതുവത്തിന്റെ 
' ദയാഹർജി' 
എന്ന നാടകമായിരുന്നു.
ഏഷ്യാനെറ്റിനു വേണ്ടി മുരളി, നരേന്ദ്രപ്രസാദ് എന്നിവർ അഭിനയിച്ച സർവ്വം പ്രേമമയം എന്ന പരമ്പരയും ഈ തിരക്കിനിടയിൽ പിറന്നു.

നിരവധി സിനിമകളിൽ സംവിധാന സഹായിയായും പ്രവർത്തിച്ച പൊതുവത്ത് അതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കമൽ സംവിധാനം ചെയ്ത ഭൂമിഗീതം, പ്രാദേശിക വാർത്തകൾ; സത്യൻ അന്തിക്കാടിന്റെ എന്നും നന്മകൾ ; ജി.സ്.വിജയന്റെ ആനവാൽ മോതിരം; പി.ജി.വിശ്വംഭരന്റെ ദാദ; ഡെന്നീസ് ജോസഫിന്റെ അഗ്രജൻ ; ശിവപ്രസാദിന്റെ ചേരി എന്നിവ അവയിൽ ചിലത് മാത്രം.

അഭിനയിക്കാനെത്തി, അവസരം കുറഞ്ഞ് സംവിധായകരാവുന്നവരുടെ സിനിമകളേക്കാൾ, ക്രിയേറ്റീവായ നാടകങ്ങളാണ് തനിക്കിഷ്ടം എന്നു പറഞ്ഞ് തിരിഞ്ഞു നടക്കുന്ന ജയ് ശങ്കർ പൊതുവത്ത്  കോഴിക്കോട് വെള്ളയിൽ റയിൽവേ സ്‌റ്റേഷന് അടുത്ത് ' പ്രേക്ഷക ' യിൽ നാടകത്തെ മാത്രം സഖിയാക്കി കഴിയുന്നു.
ഇപ്പോൾ അദ്ദേഹം 
ഒരു യാത്രയിലാണ്,
കാലവും ദേശവും മുൻകൂട്ടി തീരുമാനിക്കാത്ത ഒരു ദേശാടന യാത്രയിൽ ! 
കയ്യിൽ പേനയുണ്ട്,
കടലാസും!
ഉള്ളിലെ പ്രാണസഖിയെ വിട്ടുകളഞ്ഞിട്ടില്ല ഇന്നും.
അക്ഷരങ്ങളിൽ മഷി പുരണ്ട്,
അരങ്ങിൽ ഗർജ്ജിക്കുന്ന കഥാപാത്രങ്ങൾ ഇനിയും പിറക്കാനുണ്ട്.
നാട്ടുവഴികളിലെ നടത്തത്തിനിടയിൽ എതിരെ നടന്നു വരുന്ന മുഖങ്ങളിലേക്ക് ഒന്നു കണ്ണ് പായിക്കുക !
പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിൽ നിന്നും വഴിമാറി നടക്കുന്ന ഈ ബഹുമുഖ പ്രതിഭയാകാം മുന്നറിയിപ്പില്ലാതെ എതിരെ കടന്നു വരുന്നത്.


ഷാജി പട്ടിക്കര

No comments:

Powered by Blogger.