മലയാള സിനിമയിലെ കരുത്തുറ്റ നടൻ എം.ജി സോമൻ വിടവാങ്ങിയിട്ട് ഡിസംബർ 12ന് 22 വർഷം .



                   അനുസ്മരണം 

.....................................................................

എം.ജി സോമൻ തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ കെ.എൻ ഗോവിന്ദപ്പണിക്കരുടെയും, പി.കെ. ഭവാനിയമ്മയുടെയും മകനായി 1941 സെപ്റ്റംബർ 28ന് എം.ജി സോമശേഖരൻ നായർ എന്ന എം.ജി സോമൻ ജനിച്ചു. ഇരുവള്ളിപ്രം സെന്റ് തോമസ് ഹൈസ്ക്കൂളിലും , ചങ്ങനാശ്ശേരി എസ്.ബി കോളേജിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 

വിദ്യാഭ്യാസത്തിന് ശേഷം ഇരുപ്പതാം വയസിൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിയ്ക്ക് ചേർന്നു. വ്യോമസേനയിൽ ഒൻപത് വർഷത്തെ സേവനം കഴിഞ്ഞു തിരിച്ചെത്തിയ ശേഷമാണ് അഭിനയ രംഗത്തേക്ക് വരുന്നത്. 

നാടകത്തിലൂടെയാണ് എം.ജി സോമൻ അഭിനയം ആരംഭിച്ചത്. 1970-ൽ വ്യോമസേനയിൽ വിരമിച്ച ശേഷം 1972 മുതൽ നാടകരംഗത്ത് സജീവമായി. കൊട്ടാരക്കര ശ്രീധരൻ നായരുടെ സംഘത്തിലും , കായംകുളം കേരള ആർട്സ് തീയറ്റേഴ്സിലും സജീവമായി.

1973-ൽ പുറത്തിറങ്ങിയ ഗായത്രിയിലുടെ സിനിമയിൽ തുടക്കം കുറിച്ചു, ചുക്ക് , മാധവിക്കുട്ടി എന്നീ സിനിമകളിൽ ആ വർഷം തന്നെ  അഭിനയിച്ചു. അവൾ ഒരു തുടർക്കഥ , കുമാരവിജയം എന്നീ ചിത്രങ്ങൾ നൂറ് ദിവസത്തിലേറെ ഓടി.

ചുവന്ന സന്ധ്യകൾ , സ്വപ്നാടനം എന്നി ചിത്രങ്ങളിലെ അഭിനയത്തിന്  1975-ൽ സഹനടനുള്ള സംസ്ഥാന അവാർഡും , തണൽ ,പല്ലവി എന്നി ചിത്രങ്ങളിലെ അഭിനയത്തിന് 1976-ൽ മികച്ച നടനുള്ള അവാർഡും ലഭിച്ചു. 1977-ൽ 47 ചിത്രങ്ങളിൽ അഭിനയിച്ചു. 

ചട്ടക്കാരിയിലെ റിച്ചാർഡ് , ഇതാ ഇവിടെവരെയിലെ വിശ്വനാഥൻ, രാസലീലയിലെ ദത്തൻ നമ്പൂതിരി , തുറമുഖത്തിലെ ഹംസ , രക്തമില്ലാത്ത മനുഷ്യനിലെ ശിവൻക്കുട്ടി , അനുഭവത്തിലെ ബോസ്കോ , ഒരു വിളിപ്പാടകലെയിലെ മേജർ , വന്ദനത്തിലെ കമ്മീഷണർ , നമ്പർ 20 മദ്രാസ് മെയിലിലെ ആർ.കെ. നായർ , ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ തുടങ്ങിയ കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 

എം.ജി. അറിനൊപ്പം " നാളെ നമതെ " എന്ന തമിഴ് സിനിമയിലും , എതാനും ടി.വി സീരിയലുകളിലും അഭിനയിച്ചു. ജോൺപോളിനൊപ്പം " ഭൂമിക"  എന്ന സിനിമ നിർമ്മിച്ചു. 24 വർഷത്തെ സിനിമ ജീവിതത്തിൽ നാനൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 

താരസംഘടനയായ അമ്മയുടെ ആദ്യകാല പ്രസിഡന്റും , ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിരുന്നു. 

56-മത്തെ വയസിൽ മഞ്ഞപ്പിത്തത്തെ തുടർന്ന് 1997 ഡിസംബർ 12ന് എറണാകുളം പി വി എസ് ആശുപുത്രിയിൽ വച്ച് അന്തരിച്ചു. തിരുവല്ലയിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം  സംസ്കരിച്ചു ." ലേലം '' നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുബോൾ ആയിരുന്നു അന്ത്യം .

സുജാതയാണ് ഭാര്യ .സിന്ധുവും, സജി സോമനും മക്കളാണ് .സജി സോമൻ ചില സിനിമകളിൽ അഭിനയിച്ചിരുന്നു. 
.....................................................................

മലയാള സിനിമയുടെ കരുത്തുറ്റ നടൻ എം.ജി സോമനെ ഓർക്കാം .... സ്മരിക്കാം. 
....................................................................

                 സലിം പി. ചാക്കോ .

(സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി .) 

No comments:

Powered by Blogger.