ശശീന്ദ്രവർമ്മയ്ക്ക് , ഷാജി പട്ടിക്കരയുടെ കിടിലൻ മറുപടി.


പ്രിയപ്പെട്ട ശശീന്ദ്രവർമ്മ സാറേ,
.............................................................
നമസ്ക്കാരം ,

"പ്രൊഡക്ഷൻ കൺട്രോളർമാർ പ്രൊഡ്യൂസറാകുന്നു, പ്രൊഡ്യൂസർമാർ കുത്തുപാളയെടുക്കുന്നു" എന്ന താങ്കളുടെ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടതുകൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്.

മലയാളത്തിലെ നിരവധി സൂപ്പർ ഹിറ്റ്  സിനിമകളുടെ കൺട്രോളർ ആയിരുന്ന, സാമ്പത്തിക ലാഭമുണ്ടാക്കിയ ഒട്ടനവധി നിർമാതാക്കൾക്കൊപ്പം പ്രവർത്തിച്ച ബാദുഷ നിർമാണ രംഗത്തേക്ക് കടന്നു വരുന്ന വിവരം വാർത്തകളിൽ നിറയുന്ന ഈ വേളയിൽ താങ്കളുടെ അഭിപ്രായം അത് അർഹിക്കുന്ന പുച്ഛത്തോടെ തളളിക്കളയുന്നു.
സഹസംവിധായകനായിരുന്ന സജിമോനാണ്, ബാദുഷ നിർമ്മാതാവുമ്പോൾ സംവിധായകനാവുന്നത് എന്നു കൂടി ഓർമ്മപ്പെടുത്തട്ടെ,
സിനിമകൾക്ക് വിജയവും പരാജയവുമുണ്ടാകും .
അത് സ്വാഭാവികമാണ്.

നല്ല സിനിമകൾ പരാജയപ്പെടുകയും,
ചിലയിടത്ത് മോശം [എന്ന് പ്രേക്ഷകർ തന്നെ പറയുന്ന ] സിനിമകൾ സാമ്പത്തിക ലാഭം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്!
വിജയവും, പരാജയവും പല ഘടകങ്ങളെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്.
സ്ഥിരമായി ഒരു പ്രൊഡക്ഷൻ കൺട്രോളറെ മാത്രം വയ്ക്കുന്ന നിർമ്മാതാക്കളും, പലരെ മാറി മാറി വയ്ക്കുന്ന നിർമ്മാതാക്കളും ഉണ്ട്!
ഒരു ചിത്രത്തിന്റെ സംവിധായകൻ അടുത്ത ചിത്രത്തിൽ താരങ്ങളെയോ, തിരക്കഥാകൃത്തിനെയോ, ഛായാഗ്രാഹകനെയോ മാറ്റി പരീക്ഷിക്കുന്നത് പോലെയുള്ള ഒരു പ്രക്രിയ ആണ് അത്.
സ്ഥിരമായി ചില താരങ്ങളെ, അല്ലെങ്കിൽ, ക്യാമറാമാനെ, അല്ലെങ്കിൽ തിരക്കഥാകൃത്തിനെ വയ്ക്കുന്നവരും ഉണ്ട്!
അതൊക്കെ ആപേക്ഷികമാണ്.

ഇനി,ഒരു ചിത്രത്തിന്റെ ചർച്ച മുതൽ റിലീസ് കഴിഞ്ഞ് വിജയാഘോഷം വരെ മുന്നിൽ നിൽക്കുന്ന ആളാണ് പ്രൊഡക്ഷൻ കൺട്രോളർ.
ഒരു സിനിമയുടെ ബഡ്ജറ്റ് നിയന്ത്രിക്കുന്ന ആൾ!
അത്തരത്തിൽ തൊഴിലിൽ നൈപുണ്യം പ്രകടിപ്പിക്കുന്നവരാണല്ലോ മുൻ നിരയിലേക്ക് വരുന്നതും, കൂടുതൽ ചിത്രങ്ങൾ ചെയ്യുന്നതും.
പഴയ കാലം മുതലുള്ള, നിലവിൽ സിനിമ നിർമിക്കുന്നവരും, അല്ലാത്തവരുമായ നിർമ്മാതാക്കളുടെ സംഘടനയാണ് Producers' Association.
ഇനി അതിലേക്ക് വരാം,
നിലവിലെ അതിന്റെ സെക്രട്ടറി ആന്റോ ജോസഫും, പ്രസിഡൻറ്   എം .രഞ്ജിത്തും, വൈസ്പ്രസിഡന്റ് കല്ലിയൂർ ശശിയും പ്രൊഡക്ഷൻ കൺട്രോളറായി വന്ന് നിർമ്മാതാക്കളായി മാറിയവരാണ് . [ ഇതിൽ എം.രഞ്ജിത്ത് നിർമ്മാതാവായി സിനിമയിലെത്തി വിജയിച്ച ശേഷം പ്രൊഡക്ഷൻ കൺട്രോളറായി , വീണ്ടും നിർമ്മാണ രംഗത്ത് എത്തിയതാണ് ] 

ഈ പറഞ്ഞ മറ്റുള്ള നിർമ്മാതാക്കൾ കൂടി വോട്ട് ചെയ്ത് ഇലക്ഷനിലൂടെ ഭാരവാഹികൾ ആയതാണ്.
ഇവർ മുൻപ് പ്രവർത്തിച്ചിരുന്ന നിർമ്മാതാക്കൾ കൂടി വോട്ട് ചെയ്തിട്ടാണ് ഇന്ന് അവർ അവിടെ എത്തിയത് എന്ന് ഓർക്കുക.
ഇനി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആൽവിൻ ആന്റണിയും, ആനന്ദ് പയ്യന്നൂരും - അവരും ഇതേപോലെ പ്രൊഡക്ഷൻ കൺട്രോളർമാരായി വന്ന് നിർമ്മാതാക്കളായി മുൻപറഞ്ഞ ഇലക്ഷനിലൂടെ ഭാരവാഹികളായവരാണ് .

തങ്ങളുടെ സിനിമ നിയന്ത്രിച്ചത് പോലെ കാര്യക്ഷമമായി സംഘടനയെയും നിയന്ത്രിക്കാൻ അവർക്ക് കഴിയും എന്ന , മറ്റ് നിർമ്മാതാക്കളുടെ വിശ്വാസത്തിന് തെളിവാണ് അവരുടെ ഭാരവാഹിത്വം.
ഇനി,
ജയ്സൺ ഇളങ്ങുളം, ഗിരീഷ് വൈക്കം, അനിൽ മാത്യു, അരോമ മോഹൻ, സെവൻ ആർട്ട്സ് മോഹൻ, എസ്.മുരുകൻ, കെ.രാധാകൃഷ്ണൻ [ അപ്പി രാധാകൃഷ്ണൻ ], വിനോദ് ഷൊർണ്ണൂർ, എ.ഡി. ശ്രീകുമാർ , ദാസ് വടക്കഞ്ചേരി , ഷിബു.ജി.സുശീലൻ, സേതുമണ്ണാർക്കാട്, ഷെയ്ക്ക് അഫ്സൽ, ബാബു ഷാഹിർ, ആൻറണി ഇരിങ്ങാലക്കുട, എൻ.ജീവൻ, പ്രണവം മേനോൻ ,ആർ.പി.ഗംഗാധരൻ, വിജീഷ് മണി, എന്നീ നിർമ്മാതാക്കളൊക്കെ പ്രൊഡക്ഷൻ കൺട്രോളർമാരായി വന്ന് നിർമ്മാതാക്കളായവരാണ് .

ഇവരിൽ പലർക്കും വിതരണക്കമ്പനികളും, തിയറ്ററുകളുമുണ്ട്.
ഇവരൊക്കെ സിനിമ നിർമ്മിക്കുമ്പോൾ അതിൽ പ്രൊഡക്ഷൻ കൺട്രോളർമാർ ഉണ്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മാരും, മാനേജർമാരും ഉണ്ട്! അവരുടെ
ചില സിനിമകൾ പരാജയമായിട്ടുണ്ട്, അതിന് അവരാരും അവരുടെ കൺട്രോളർ മോശമായത് കൊണ്ടാണ് എന്ന് പറഞ്ഞിട്ടില്ല.
അപ്പോൾ ഒരു അസിസ്റ്റന്റ് ടെക്നീഷ്യൻ പരിചയസമ്പത്ത് ഉണ്ടാക്കി മെയിൻ ടെക്ക്നീഷ്യൻ ആകുന്നത് പോലെയുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്,
പരിചയസമ്പത്തുള്ള ഒരു കൺട്രോളർ നിർമ്മാതാവ് ആവുക എന്നത് !
ഇവർ നിർമ്മാതാകുമ്പോൾ പലപ്പോഴും പലയിടത്ത് നിന്നും പണം സ്വരൂപിച്ച് തന്നിലുള്ള പരിചയ സമ്പത്തിലുള്ള ആത്മ വിശ്വാസം കൊണ്ടാണ് നിർമ്മാണ രംഗത്തേക്കിറങ്ങുന്നത്!
പുതുതായി വരുന്ന നിർമ്മാതാക്കൾക്ക് സാമ്പത്തിക ക്രയ വിക്രയത്തിൽ ഉപദേശം നൽകി ചിലവ് കുറയ്ക്കുന്നത് പ്രൊഡക്ഷൻ കൺട്രോളർ തന്നെയാണ്.

ശരിക്കും ഒരു സിനിമയുടെ നട്ടെല്ല് തന്നെ ആണ് അയാൾ!
ഇനിയും ഒരു പാട് സിനിമകൾ മലയാളത്തിലുണ്ടാവും, അതിന് കൺട്രോളർമാർ ഉണ്ടാവും, പുതിയവർ രംഗത്തേക്ക് വരും,
ചിലർ നിർമ്മാതാക്കളാവും.
ഇത് സിനിമയാണ്,
ഇതിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ല!
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിലെ എല്ലാ അംഗങ്ങൾക്കും,
പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാ അംഗങ്ങൾക്കും  ആശംസകളോടെ,

സ്നേഹപൂർവ്വം,

ഷാജി പട്ടിക്കര .
പ്രൊഡക്ഷൻ കൺട്രോളർ .

No comments:

Powered by Blogger.