" കൊച്ചു ടി.വി മുതൽ ടെർമിനേറ്റർവരെ " അൻവറിന്റെ ശബ്ദം മുഴങ്ങുന്നു .


            അൻവർ പെരുമ്പാവൂർ .
....................................................................

ഒരു കാലത്ത് മിമിക്രി വേദികളിലെ നിറ സാന്നിദ്ധ്യമായിരുന്ന ശബ്ദഗാഭീര്യം.
നടനും, മിമിക്രി താരവുമായിരുന്ന അബിയുടെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായിരുന്ന അൻവറിനെ ശബ്ദത്തിന്റെ പൗരുഷം കണ്ട് അബി തന്നെയാണ്  മിമിക്രി വേദിയിലേക്ക് കൈപിടിച്ച് നടത്തിയത്.തുടക്കം കൊച്ചിൻ സാഗറിൽ, പിന്നീട് കൊച്ചിൻ രസിക!
പതിമ്മൂന്ന് വർഷം നിറഞ്ഞ വേദികളിൽ!
ഇതിനിടെ പാരഡി കാസറ്റുകൾക്കായി എഴുതുകയും, പാടുകയും ചെയ്തു.
എഴുപതോളം കാസറ്റുകളിൽ അൻവറിന്റെ ശബ്ദം മുഴങ്ങി.

അബിയോടൊപ്പം ചെയ്ത ദേ മമ്മാലി കൊമ്പത്ത് എന്ന കാസറ്റ് സൂപ്പർ ഹിറ്റായിരുന്നു.
അങ്ങനെ വേറിട്ട ശബ്ദം കൊണ്ട് ശ്രദ്ധേയമായപ്പോഴാണ് ഡബ്ബിംഗിലേക്ക് ക്ഷണം വരുന്നത്.
കിരൺ ബേദി IPS എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോൾ വില്ലൻ സംസാരിച്ചത് അൻവറിന്റെ മുഴങ്ങുന്ന ശബ്ദത്തിൽ.
പിന്നീട് ബാഹുബലി, സാഹോ, ചെന്നൈ എക്സ്പ്രസ് തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുന്ന ചിത്രങ്ങളിൽ അൻവർ ശബ്ദ സാന്നിദ്ധ്യമായി!
ചെറുതും വലുതുമായി നാനൂറോളം സിനിമകളിൽ!
നിലവിളക്ക്, പറയിപെറ്റ പന്തിരുകുലം, നന്ദിനി, കൈലാസനാഥൻ, മഹാഭാരതം തുടങ്ങി ഇരുപതോളം സീരിയലുകളിൽ!
മുപ്പതോളം പരസ്യ ചിത്രങ്ങളിൽ!
ഈയടുത്ത് പുറത്തിറങ്ങിയ മഞ്ജു വാര്യരും ധനുഷും അഭിനയിച്ച അസുരൻ എന്ന ചിത്രത്തിൽ തമിഴ് താരം പശുപതിക്ക് ശബ്ദം നൽകിയതും മറ്റാരുമല്ല!

കൊച്ചു ടി.വി. തുടങ്ങിയ കാലം മുതൽ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് അൻവർ ശബ്ദം നൽകി വരുന്നു.
ഡിസ്ക്കവറി ചാനലിലെ ഫുഡ് ഫാക്ടറി, വാക്കിംഗ് റ്റു ഹിമാലയ എന്നീ പ്രോഗ്രാമുകളുടെ നരേഷനും ഈ പെരുമ്പാവൂരുകാരന്റെ ശബ്ദ ഗാംഭീര്യം!ടെർമിനേറ്റർ എന്ന വേൾഡ് ഹിറ്റ് സിനിമ മൊഴി മാറ്റി മലയാളത്തിൽ എത്തിയപ്പോൾ,
കേരളത്തിലെ വെള്ളിത്തിരയിൽ സാക്ഷാൽ ആർനോൾഡ് മലയാളം പറഞ്ഞത് അൻവറിന്റെ DTS ശബ്ദത്തിൽ!

ഫെഫ്ക്ക ഡബ്ബിംഗ് ആർട്ടിസ്റ്റ് അസോസിയേഷന്റെ മെംബർ കൂടിയായ അൻവർ, ഭാര്യ സജീന അൻവറിനും , മകൻ അജ്മൽ അൻവറിനും ഒപ്പം പെരുമ്പാവൂർ ചേലമല വീട്ടിൽ സന്തോഷമായി കഴിയുന്നു.

അഭിനയത്തിന്റെ അത്രയും പ്രാധാന്യം ശബ്ദത്തിനും ആവശ്യമുണ്ട് സിനിമയിൽ.കഥാപാത്രം പൂർണമാകുന്നത് അഭിനയത്തോടൊപ്പം ശബ്ദവും കൃത്യമായി ഇഴുകി ചേരുമ്പോഴാണ് !
കയ്യിൽ കിട്ടുന്ന കഥാപാത്രത്തിനനുസരിച്ച് തന്റെ ശബ്ദത്തെ മെരുക്കിയെടുക്കുവാൻ അസാമാന്യമായ ഒരു പ്രതിഭ അൻവറിലുണ്ട്!
അത് കൊണ്ട് തന്നെ ഇന്ന് സ്റ്റുഡിയോകളിൽ നിന്നും സ്റ്റുഡിയോകളിലേക്ക് തിരക്കിട്ട് പായുകയാണ് അൻവർ !
അതിന് ഒരു കാരണം കൂടിയുണ്ട്!
ഈ ഉറച്ച ശബ്ദത്തിനു പിന്നിലെ സൗമ്യമായൊരു മനസ്സും, വിനയം നിറഞ്ഞ പെരുമാറ്റവും!
അത് കൊണ്ട് തന്നെ ഒരിക്കൽ പരിചയപ്പെടുന്നവർ ,
ഒരിക്കൽ വർക്കിന് വിളിക്കുന്നവർ വീണ്ടും അൻവറിനെ വിളിക്കുന്നു.
തിരക്കിൽ നിന്നും തിരക്കിലേക്ക് അൻവറും.

 ഷാജി പട്ടിക്കര.

No comments:

Powered by Blogger.