" ഭാഷയുടെ കവാടം കടന്ന് അഷറഫ് ഗുരുക്കൾ " : ഷാജി പട്ടിക്കര


അഷറഫ് ഗുരുക്കൾ എന്ന പേര് ഇന്ന് ചലച്ചിത്ര പ്രവർത്തകർക്കും, ചലച്ചിത്ര പ്രേമികൾക്കും ഒരുപോലെ സുപരിചിതമാണ്.
എന്നിരിക്കിലും ഗുരുക്കളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വിവരങ്ങൾ പങ്ക് വയ്ക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.


1959 മെയ്‌ മാസം 7 ന് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ അഴിക്കോട് താണിക്കാപ്പിള്ളി കുഞ്ഞുമുഹമ്മദിന്റെയും, കുഞ്ഞിത്താച്ചിയുടെയും,  ഒൻപത് മക്കളിൽ ഇളയവനായി ജനനം.  ആറാം ക്ലാസ്സ് വരെ സ്കൂൾ പഠനം. വിശപ്പടക്കാനായി പതിമൂന്നാമത്തെ വയസിൽ നാട് വിട്ടു.
പിന്നീട് ഹോട്ടൽ പണിയുമായി ജീവിതം തള്ളിനീക്കി.
വടകര അബൂബക്കർ ഗുരുക്കളുടെ കൂടെ ചേർന്ന് കളരി പഠനം നടത്തി.
അങ്ങനെയിരിക്കെ കമൽ സംവിധാനം ചെയ്ത 'പെരുവണ്ണാപുരത്തെ വിശേഷങ്ങൾ' എന്ന ചിത്രത്തിൽ കളരിപ്പയറ്റു രംഗങ്ങളിൽ സഹായിയായി  സിനിമയിൽ പ്രവേശനം.

പിന്നീട് ആ പരിചയത്തിൽ കമൽസാറിന്റെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ലഭിച്ചു., കവാടം  എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ മാനേജർ ആയി. പിന്നീട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, കൺട്രോളർ തുടങ്ങി അവസരങ്ങൾ ലഭിച്ചു.
ദയ എന്ന സിനിമയ്ക്കുവേണ്ടി മഞ്ജുവാര്യരെ കളരി അഭ്യാസം പഠിപ്പിച്ചു, 
ഹിമാനിസ്വനാചന്ദി ച്യവനപ്രാശത്തിന്റെ പരസ്യത്തിനു വേണ്ടി സൗരവ് ഗാംഗുലിയെ കളരിപഠിപ്പിച്ച് ഒടുവിൽ ആ പരസ്യത്തിന് വേണ്ടി കളരി കൊറിയോഗ്രാഫി നിർവ്വഹിച്ചു. (ഈപരസ്യത്തിൽ ഗാംഗുലിയുടെ കൂടെ അദ്ദേഹത്തിന്റെ മകൻ ആണ് അഭിനയിച്ചത് - 1999ൽ)

കുറെ സിനിമകളിൽ അഭിനയിച്ചെങ്കിലും ഗുരുക്കൾക്ക്   മുഴുനീള വേഷം കിട്ടിയത് ജയരാജ്‌ സാറിന്റെ "വീര" ത്തിൽ, കണ്ണപ്പച്ചേകവരുടെ വേഷമായിരുന്നു അതിൽ.
കമൽ സാറിന്റെ ആമി,   പ്രണയ മീനു കളുടെ കടൽ, റോഷൻ ആൻഡ്രൂസിന്റെ "കായംകുളംകൊച്ചുണ്ണി"കണ്ണൻ താമരക്കുളത്തിന്റെ "ചാണക്യ തന്ത്രം",
വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത മുന്തിരിമൊഞ്ചൻ, സ്വനാശം, തുടങ്ങിയ ശ്രദ്ധേയ സിനിമകളിലും,
ഇരുപതിൽ പരം സീരിയലുകളിലും അഭിനയിച്ചു.
 ഇതിൽ കായംകുളം കൊച്ചുണ്ണി യിലെ "തോമാസ്മാൻ"ഏറെ ജന ശ്രദ്ധ കിട്ടിയതാണ്,ഈ സീരിയലിൽ 200 ഇൽപരം സംഘട്ടനങ്ങൾ ചിട്ടപ്പെടുത്തി;
1986 ഇൽ മികച്ച സംഘട്ടനത്തിനുള്ള ദൃശ്യ അവാർഡും കിട്ടി,  സീരിയലുകളിൽ സിനിമയുടെ നിലവാരത്തിലുള്ള സ്റ്റണ്ട് രീതിക്ക് തുടക്കം കുറിച്ചത് ഗുരുക്കൾ ആണ്.ഇരുപത്തഞ്ചിൽ പരം സീരിയലുകൾക്ക് സംഘട്ടനം നിർവ്വഹിച്ചു.

ഏഴ് വർഷം മുൻപ് നാവിൽ ക്യാൻസർ വന്നു നാവിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി, തൊണ്ടയിൽ ഇടതു വശത്തു നിന്നും ഒരു ഗ്രന്ഥിയും  മാറ്റി  . RCC യിൽ ആയിരുന്നു ചികിത്സ.
സിനിമ മേഖലയിലുള്ളവരും സുഹൃത്തുക്കളും കൂടെ ഉണ്ടായിരിന്നു.
 എക്സിക്യൂട്ടീവ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ചലച്ചിത്ര അക്കാദമി തുടങ്ങി എല്ലായിടത്തു നിന്നും സാമ്പത്തിക സഹായം ലഭിച്ചു.
ഇപ്പോൾ സംഘട്ടന സംവിധാനത്തിൽ ശ്രദ്ധിക്കുന്നു.
ഹിന്ദി യിൽ  ഏക്താ  , വിരോധി തുടങ്ങിയ ചിത്രങ്ങളും ഒരു വെബ് സീരീസും ചെയ്തു.

കൂടാതെ തെലുങ്കിലും കന്നടയിലും ചിത്രങ്ങൾ ചെയ്തു.
മലയാളത്തിൽ ഇപ്പോൾ നല്ല തിരക്കാണ്.
കഴിഞ്ഞവർഷം 26 സിനിമകൾ ചെയ്തു, ഈ വർഷം അതിലും കൂടുതൽ ആകും,. പായ്ക്കപ്പൽ എന്ന സിനിമയിൽ കാറ്റിലും മഴയിലും ഇർഷാദും അംജത് മൂസയും തമ്മിലുള്ള സംഘട്ടനം സാഹസികമായാണ് ചെയ്തത്.
ചിത്രം ഉടൻ പുറത്തിറങ്ങും.
ചിത്രീകരണം പൂർത്തിയായ സുരേഷ് ഉണ്ണിത്താന്റെ ക്ഷണം എന്ന ചിത്രത്തിൽ ഹൊറർ സീക്വൻസുകൾക്ക് മേൽനോട്ടം നൽകി.സ്വനാശം, ജമീലാന്റെ പൂവൻകോഴി എന്നീ ചിത്രങ്ങളിൽ അഞ്ച് വീതം സംഘട്ടനങ്ങൾ ചെയ്തു.
ഈ ചിത്രങ്ങൾ പുറത്തിറങ്ങുന്നതോടെ 2020 കൂടുതൽ ശ്രദ്ധേയമാകും എന്ന വിശ്വാസത്തിലാണ് ഗുരുക്കൾ .

107 വയസ്സ് പ്രായമായ ഉമ്മയുടെ കാൽ തൊട്ട് വന്ദിച്ചാണ് എന്നും ഗുരുക്കളുടെ ദിവസം ആരംഭിക്കുന്നത്.
നാട്ടുകാർക്കും അവർ പ്രിയങ്കരിയായ ഉമ്മയാണ്.
അതിനെ ശരിവക്കാൻ എന്നവണ്ണം ഗുരുക്കളുടെ വീട്ട് പേരും ശ്രദ്ധേയമാണ് - നമ്മടുമ്മ!

ക്യാൻസറിനോട് പടവെട്ടി ജയിച്ച ഗുരുക്കൾ പൂർണ്ണ ആരോഗ്യത്തോടെ സന്തോഷവാനായി സെറ്റുകളിൽ നിന്നും സെറ്റിലേക്ക് പായുന്നു.
ഈ തിരക്കിനിടയിലും,
സാമൂഹിക പ്രതിബദ്ധത കൈവിടാതെ മികച്ച സന്ദേശങ്ങൾ നൽകുന്ന മൂന്ന് ഷോർട്ട് ഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തു എന്നതും ശ്രദ്ധേയമാണ്!
തെരുവ് നായ ശല്യം പ്രമേയമായ ' അസ്തമയം ' ,
സ്ത്രീ ശാക്തീകരണം പ്രമേയമായ 'ഉദയം ', വർത്തമാന കാല സിനിമാ സംഭവങ്ങളെ അടിസ്ഥാനമാക്കിയു ളള 'കാസ്റ്റിംഗ് കാൾ ' എന്നിവ.

അഷറഫ് ഗുരുക്കളുടെ ആദ്യ സിനിമയായ കെ.ആർ.ജോഷിയുടെ 'കവാടം' ഇത് വരെ പുറത്തിറങ്ങിയിട്ടില്ല!
പക്ഷേ സിനിമയിലേക്കുള്ള കവാടം തുറന്നു തന്നെ കിടന്നു.
ഇന്നും അന്നും.


ഷാജി പട്ടിക്കര .
( പ്രൊഡക്ഷൻ കൺട്രോളർ ) 

No comments:

Powered by Blogger.