ജിബി - ജോജു : മാസ്സാണ് , മനസ്സുമാണ് : ഷാജി പട്ടിക്കര.


ജിബി മാള - വർഷങ്ങളായി മലയാള ചലച്ചിത്ര രംഗത്ത് ശോഭയോടെ നിൽക്കുന്ന ഒരു നാമം.മനസ്സിൽ സിനിമയെന്ന സ്വപ്നക്കൊട്ടാരവുമായെത്തി മാനത്തെ കൊട്ടാരത്തിൽ അസിസ്റ്റൻറ് ഡയറക്ടറായി തുടങ്ങിയ സിനിമാ ജീവിതം.

നീണ്ട 25 വർഷങ്ങൾക്കിപ്പുറം ആ പേര് സംവിധായകന്റെ സ്ഥാനത്തേക്ക് മാറുകയാണ്.
കഴിഞ്ഞ പതിനാറ് വർഷമായുള്ള പരിചയത്തിനിടയിൽ ഞാൻ വർക്ക് ചെയ്ത ഒൻപത് സിനിമകളിൽ ജിബി സഹസംവിധായകനായിരുന്നു.
സുനിൽ, ഹരിദാസ്, സലിംബാബ,ജഹാംഗീർ ഷംസ്,രമേഷ് മാണിയത്ത് തുടങ്ങിയ സംവിധായകർക്കൊപ്പം .
അതിൽ ചില ചിത്രങ്ങളിൽ ജോജുവും ഒപ്പമുണ്ടായിരുന്നു.

സംവിധായകർക്ക് എന്നും വിശ്വസിച്ച് കൂടെ നിർത്താവുന്ന സഹസംവിധായകനായിരുന്നു ജിബി.കൂടെയുള്ള അസിസ്റ്റന്റ് ഡയറക്ടേഴ്സിനാകട്ടെ നല്ലൊരു ഗുരുവും, മാർഗ്ഗദർശിയും.
ഒരു അസിസ്റ്റന്റ് ഡയറക്ടറോട് പോലും മോശമായോ, ക്രൂരമായോ പെരുമാറാത്ത ശാന്ത സ്വഭാവി.
അസിസ്റ്റന്റ് ഡയറക്ടറിൽ തുടങ്ങി ഈ 25 വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ല.
സ്വതന്ത്രനാകാൻ ഇതിനും എത്രയോ മുൻപേ  കഴിയാഞ്ഞിട്ടുമല്ല ഇടിച്ചു കയറി മുൻനിരയിലേക്കെത്താൻ ജിബി ഒരിക്കലും ശ്രമിച്ചില്ല.
തന്റെ ഊഴം കാത്ത് നിന്ന് പതിയെ മുന്നിലെത്തുകയായിരുന്നു.
ആ ക്ഷമയ്ക്ക് ദൈവം കാത്തു വച്ചതാവട്ടെ , മോഹൻലാലിനെപ്പോലൊരു മഹാനടനെയും, ആന്റണി പെരുമ്പാവൂരിനെപ്പോലൊരു വലിയ നിർമാതാവിനെയും.

ഷാജി കൈലാസ്, രഞ്ജിത്ത്, പ്രിയദർശൻ, ജോഷി, സത്യൻ അന്തിക്കാട്, അമൽ നീരദ് ,റോഷൻ ആൻഡ്രൂസ്, റാഫി മെക്കാർട്ടിൻ ,സിദ്ധിഖ്, ജീത്തു ജോസഫ്, ലാൽ ജോസ്, തുടങ്ങിയ വമ്പൻ സംവിധായകർക്ക് വേണ്ടി മാത്രം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള,
പി.ടി.കുഞ്ഞുമുഹമ്മദിന് വേണ്ടി പരദേശി എന്ന കലാമൂല്യമുള്ള സിനിമയൊരുക്കിയ, പരസ്യ രംഗത്തെ അതികായൻ ശ്രീകുമാർ മേനോനെ ഒടിയൻ എന്ന സൂപ്പർ ഹിറ്റിലൂടെ സംവിധായകനാക്കിയ, സൂപ്പർ താരം പ്രിഥ്വിരാജിനെ ലൂസിഫറിലൂടെ സൂപ്പർ സംവിധായകനാക്കിയ അതേ ആശിർവാദ് സിനിമാസും,ആന്റണി പെരുമ്പാവൂരും ഇതാ ജിബി - ജോജു എന്നീ നവാഗത പ്രതിഭകൾക്കായി ഒന്നിക്കുന്നു.

ഇരട്ടകൾ വഴി പിരിയുന്ന ഈ കാലത്ത് ഒരിക്കലും പിരിയാതെ ഹിറ്റ് കൂട്ടുകെട്ടായി ഇരുവരും മാറട്ടെ,
ഏതൊരു സംവിധായകന്റെയും സ്വപ്നമായ ഓണച്ചിത്രം - അതും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന, മോഹൻലാൽ ചിത്രം .

ജിബിക്കും, ജോജുവിനും, ഇട്ടിമാണിക്കും വിജയാശംസകളോടെ,

സ്നേഹപൂർവ്വം,
ഷാജി പട്ടിക്കര.

No comments:

Powered by Blogger.