മമ്മൂട്ടി - ഖാലിദ് റഹ്മാൻ കൂട്ടുകെട്ടിന്റെ റിയലിസ്റ്റിക്ക് മൂവിയാണ് " ഉണ്ട " .മമ്മുട്ടിയെ നായകനാക്കി   ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " ഉണ്ട" . മമ്മൂട്ടി സബ്ബ് ഇൻസ്പെകടറായി  ഈ സിനിമയിൽ വേഷമിടുന്നു.  

കേരളത്തിൽ നിന്ന് ഒൻപത് പോലീസ്  ഓഫീസറൻമാർ മാവോയിസ്റ്റുകളുടെ  ശല്യം ഉള്ള  ഛത്തിസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുന്നതാണ് സിനിമയുടെ പ്രമേയം .ഈ യൂണിറ്റിനെ നയികുന്നത് എസ്. ഐ. മണികണ്ഠനാണ്. 

ഛത്തിസ്ഗഡിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുമ്പോൾ  യൂണിറ്റിന് ആവശ്യമായ  തോക്കും , ഉണ്ടയും സംസ്ഥാനത്ത് നിന്ന്  കൊടുത്ത് വിടുന്നില്ല.  അവശ്യമായ സാധനങ്ങൾ അവിടുത്തെ പോലിസ് എജൻസി നൽകും എന്ന് പറഞ്ഞാണ് ഇവിടെ നിന്ന്  യൂണിറ്റിനെ   സർക്കാർ അയ്ക്കുന്നത്  .എന്നാൽ  അവിടെ എത്തുമ്പോൾ അവിടുത്തെ പോലിസ് ,  നിങ്ങൾ തന്നെയാണ് നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവരേണ്ടത് എന്നാണ് യൂണിറ്റിനോട് പറയുന്നത്. 

മാവോയിസ്റ്റുകളെക്കാൾ ഉപദ്രവകാരികൾ ചില രാഷ്ടീയകാർ  തന്നെയാണ് എന്ന് സിനിമ പറയുന്നു .ലോക്സഭ തെരഞ്ഞെടുപ്പും, ബൂത്ത് പിടുത്തവും ഒക്കെ സിനിമയിൽ തുറന്ന് പറയുന്നു. 

അതുപോലെ ഒരു ആദിവാസി സർക്കാർ ജോലിയിൽ എത്തിയിൽ അവൻ അനുഭവിക്കുന്ന അവഗണനയും സിനിമ വരച്ച് കാട്ടുന്നു. 

ഈ നാട്ടിൽ ജനിക്കുന്നവർക്ക് ഇവിടെ തന്നെ ജീവിക്കാൻ അവകാശമുണ്ട് എന്നും സിനിമ ചൂണ്ടിക്കാട്ടുന്നു. ആദിവാസി യുവാവിനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്നതും സിനിമയിൽ ഉണ്ട്. 

മമ്മുട്ടി ഇതുവരെ ചെയ്ത പോലിസ് റോളുകളുടെ ശൈലിയോ, തുടർച്ചയോ അല്ല 
എസ് .ഐ .മണികണ്ഠൻ സി.പി 
എന്ന  സബ്ബ് ഇൻസ്പെക്ടർ .
മണ്ണിൽ തൊടുന്ന കഥാപാത്രവുമായി  മമ്മൂട്ടി റിയലിസ്റ്റിക്ക് ആകുന്നു. 

ഒരു മാസ് ചിത്രം എന്നതിനേക്കാളും ഉള്ളടക്കത്തിൽ ശ്രദ്ധ ഊന്നിയ  സിനിമയാണ് " ഉണ്ട" .

ഷൈൻ ടോം ചാക്കോ എച്ച്. ഡി. ആർ -  ജോജോ  സാംസണായും ,  ഒമർ ദാസ് മണിക് പുരി - കൂനായ് ചന്ദായും , ജേക്കബ്ബ് ഗ്രിഗറി പി.സി - വർഗ്ഗീസ് കുരുവിളയായും,  അർജുൻ അശോകൻ പി. സി - ഗീരിഷായും ,രഞ്ജിത്ത് സി. ഐ. -മാത്യൂസ് ആന്റണിയായും , ഭഗവാൻ തിവാരി ഐ. റ്റി. ബി.പി ഓഫീസർ കപിൽദേവായും, ചിയാൻ ഹോ ലിയോ ഐ. റ്റി. ബി.പി കമാൻഡോ ഡക്കോട്ടാ അകനിറ്റോയായും , കലാഭവൻ ഷാജോൺ സാം ജെ. മാത്തനായും , ഷാഹിൻ ഐ.പി ബി.പി ഓഫീസർ വിൻസെന്റ് ജെയിംസായും, റോണി ഡേവിഡ് പി.സി - അജി പീറ്ററായും , ഗോകുലൻ പി.സി - ഗോകുലൻ ബാലചന്ദ്രനായും , ലുക്ക്മാൻ പി.സി - ബിജുകുമാറായും ,      അഭി റാം പൊതുവാൾ പി.സി - ഉണ്ണിക്യഷ്ണനായും, നൗഷാദ് ബോംബെ പി.സി. - നൗഷാദ് അലിയായും വേഷമിടുന്നു. 

അസിഫ് അലി  , വിനയ് ഫോർട്ട് ,ദിലീഷ്  പോത്തൻ എന്നിവർ അതിഥിതാരങ്ങളായും ഈ സിനിമയിൽ അഭിനയിക്കുന്നു. 

ദംഗൽ ,ബജ്റാവോ മസ്താനി എന്നീ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ ശാം കൗശൽ  ചിത്രത്തിന്റെ  ആക്ഷൻ ഡയറ്കടറാണ്. തിരക്കഥ ഹർഷാദും , എഡിറ്റിംഗ് നിഷാദ് യൂസഫും ,സംഗീതം പ്രശാന്ത് പിള്ളയും , ഛായാഗ്രഹണം സജിത്ത് പുരുഷനും , ആക്ഷൻ മാഫിയ ശശിയും നിർവ്വഹിക്കുന്നു. 

തമിഴിലെ പ്രശസ്ത നിർമ്മാതാക്കളായ ജെമിനി സ്റ്റുഡിയോസ്, മൂവി മിൽ (കൃഷ്ണൻ സേതുകുമാർ)  എന്നിവരാണ് നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് . ജെമിനി സ്റ്റുഡിയോസ് ആണ്  ചിത്രം വിതരണം ചെയ്യുന്നത്. എട്ട്  കോടി രൂപയാണ് " ഉണ്ട" യ്ക്ക് ചിലവായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .കണ്ണുർ , കാസറഗോഡ്, വയനാട്, തൃശൂർ , ബാംഗ്ളൂർ , മൈസൂർ , ഛത്ത്സിഗഡ് , നിലബൂർ എന്നിവടങ്ങളിലായിരുന്നു " ഉണ്ട" യുടെ ഷൂട്ടിംഗ് .

ഛായാഗ്രഹണവും, എഡിറ്റിംഗും മികവുറ്റതായി. പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം ആണ് സിനിമയുടെ ഹൈലൈറ്റ്. എല്ലാ താരങ്ങളും മികച്ച അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 

" അനുരാഗ കരിക്കിൻവെള്ളം " എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന സിനിമയാണ് " ഉണ്ട" .ഖാലിദ് റഹ്മാന്റെ സംവിധാന മികവ് ഒരിക്കൽ കൂടി തെളിയിക്കുന്ന ചിത്രം കൂടിയാണിത്. 

Rating : 3.5 / 5.

സലിം പി. ചാക്കോ

No comments:

Powered by Blogger.