" വരത്തൻ " കിടുക്കി. ക്ലൈമാക്സും , ക്യാമറ വർക്കും മനോഹരം. ഫഹദ് ഫാസിലിന് മറ്റൊരു ഹിറ്റ് കൂടി .

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " വരത്തൻ " .ദുബായ്  നഗരത്തിൽ ജോലി ചെയ്യുന്ന എബിയും ( ഫഹദ് ഫാസിൽ) ,പ്രിയയും ( ഐശ്വര്യ ലക്ഷ്മി) നാട്ടിലേക്ക് മടങ്ങുകയും , പ്രിയയുടെ ബന്ധുവിന്റെ എസ്റ്റേറിലേക്ക് താമസത്തിനായി എത്തുകയും ചെയ്യുന്നു . ഒരു വരത്തനെയും ഭാര്യയെയും ഗ്രാമീണവാസികളായ നാട്ടുകാർ ഏങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്  സിനിമ പറയുന്നത്. പ്രിയയുടെ സ്കൂൾകാലം നാട്ടുകാരിൽ ചിലർ മറയാക്കുന്നത് കാണാം. എമ്പിയും ,പ്രിയയും അവർ അവിടെ നേരിടുന്ന പ്രശ്നങ്ങളുമാണ്   വരത്തന്റെ പ്രമേയം. 

നവാഗതരായ സുഹാസ് - ഷറുഫു  ടീമാണ് തിരക്കഥയും സംഭാഷണവും  തയ്യാറാക്കിയിരിക്കുന്നത്. തിരക്കഥ ആവശ്യപെടുന്ന മേക്കിംഗ് വരുത്താൻ സംവിധായകന് കഴിഞ്ഞു. " പറവ " യിലുടെ ശ്രദ്ധേയനായ ലിറ്റിൽ സ്വയംമ്പിന്റെ ക്യാമറ വർക്ക് ശ്രദ്ധേയമാണ്. സംഗീതവും പശ്ചാത്തല സംഗീതവും സുഷിൻ ശ്യാമിന്റെ കൈകളിൽ തികച്ചും ഭദ്രമായി. ഗാനരചന വിനായക് ശശികുമാർ നിർവ്വഹിക്കുന്നു. നസ്രിയ നസീം, ശ്രീനാഥ് ഭാസി എന്നിവർ പാടിയ പാട്ടുകൾ ഹിറ്റ് ചാർട്ടിൽ ഇടം നേടി. വിവേക്  ഹർഷന്റെ  എഡിറ്റിംഗും നന്നായിട്ടുണ്ട്. 

ഫഹദ് ഫാസിലിന്റെ എബിയും, ഐശ്വര്യ ലക്ഷ്മിയുടെ പ്രിയയും ഏറെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്. ഗ്രാമീണനായ ഒരു മനുഷ്യനിൽ പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധേയമായി അവതരിപ്പിക്കാൻ ഫഹദിന് കഴിഞ്ഞു. മായാനദിയ്ക്ക് ശേഷം ഐശ്വര്യ ലക്ഷമിയുടെ മികച്ച കഥാപാത്രമാണ് പ്രിയ. ഫറഫുദ്ദീനും മികച്ച അഭിനയം കാഴ്ചവച്ചു. 

ദിലീഷ് പോത്തൻ, ജിനു ജോസഫ്, അർജുൻ അശോകൻ, ഷോബി തിലകൻ, വിജിലേഷ് കാര്യയാട് ,മാല പാർവ്വതി, ഉണ്ണി മായ പ്രസാദ് ,കോട്ടയം പ്രദീപ് എന്നിവരും 
സിനിമയിൽ അഭിനയിക്കുന്നു. 

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദും, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ്  " വരത്തൻ " നിർമ്മിച്ചിരിക്കുന്നത്. അരുൺകുമാർ വി.ആർ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസറുമാണ്. 

 അമൽ നീരദിന്റെ സംവിധാനമികവ് എടുത്ത് പറയാം. ത്രില്ലർ  സിനിമകൾ ഇഷ്ടമുള്ള പ്രേക്ഷകർക്ക്  "വരത്തൻ "പുതിയ അനുഭവമാകും. ക്ലൈമാക്സാണ് സിനിമയുടെ ഹൈലൈറ്റ്. 

റേറ്റിംഗ് - 4 / 5 
സലിം പി. ചാക്കോ . 

No comments:

Powered by Blogger.