" ഹരിയേട്ടൻ പൊളിച്ചു "- ഒരു കുട്ടനാടൻ ബ്ലോഗ് - യൂത്ത് ഫാമിലി എന്റർടെയിനർ .

കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന മമ്മൂട്ടി ചിത്രമായ       "  ഒരു കുട്ടനാടൻ ബ്ലോഗ് " തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്തിരിക്കുന്നു. കൃഷ്ണപുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കൃഷ്ണപുരം ഗ്രാമത്തിലെ യുവാക്കളുടെ റോൾമോഡൽ ഹരിയേട്ടൻ  ഗ്രാമത്തിലെ എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകും. ഭാര്യയുടെ മരണശേഷം ദീർഘനാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരം താമസക്കാരനാണ് ഹരി. എല്ലാ തലമുറക്കാരോടും ചങ്ങാത്തം കൂടുന്ന ഹരിയേട്ടൻ കൃഷ്ണപുരത്തുകാർക്  ഏറെ പ്രിയപ്പെട്ടവനാണ് .


അനു സിത്താര , റായ് ലക്ഷ്മി, ഷംന കാസിം, അനന്യ, സണ്ണി വെയ്ൻ, നെടുമുടി വേണു, ലാലു അലക്സ് ,സഞ്ജു ശിവറാം ,ജേക്കബ് ഗ്രിഗറി, ജൂഡ് ആൻറണി ജോസഫ്, ഷാഹിൻ സിദ്ദിഖ്, ആദം ആയൂബ് ,ബാലാജി, സോഹൻ സീനു ലാൽ ,ജെയിംസ്, ജയൻ ചേർത്തല, കലാഭവൻ ഹനീഫ്, പൊന്നമ്മ ബാബു, സീമ ജി. നായർ, തെസ്നി ഖാൻ , നന്ദൻ ഉണ്ണി, വിവേക് ഗോപൻ ,ബിന്ദു സജീവ്, അതിഥിതാരമായി വിനീത് കുമാറും അഭിനയിക്കുന്നു. 

കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ സേതു തന്നെ നിർവ്വഹിച്ചിരിക്കുന്നു. ഗാനരചന റഫീഖ് അഹമ്മദും , ഹരി നാരായണനും, സംഗീതം ശ്രീനാഥ് ശിവശങ്കരനും, ഛായാഗ്രഹണം പ്രദീപ് നായരും, എഡിറ്റിംഗ് സമീർ മുഹമ്മദും, പശ്ചാത്തല സംഗീതം ബിജി ബാലും ഒരുക്കിയിരിക്കുന്നു. നടൻ ഉണ്ണി മുകുന്ദൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.  " മെമ്മറീസിന് "  ശേഷം അനന്താവിഷന്റെ  ബാനറിൽ പി.കെ. മുരളീധരനും, ശാന്ത മുരളിയും ചേർന്നാണ്  സിനിമയുടെ നിർമ്മാണം നടത്തിയിരിക്കുന്നത്. 

മാനത്തെ മാരിവിൽ ...... എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസും മൃദുല വാര്യരും ചേർന്നാണ് പാടിയിരിക്കുന്നത്.  ബ്ലോഗിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മണ്ണിന്റെ മണമുള്ള കഥയുമായി സേതു പ്രേക്ഷകരുടെ മുന്നിൽഎത്തിയിരിക്കുന്നു. സോഷ്യൽ മീഡിയകളിലെ പ്രണയവും ,തുടർന്ന് നടക്കുന്ന സംഭവങ്ങളും ലളിതമായി സിനിമയിൽ പറയുന്നുണ്ട്. 

തിരക്കഥാകൃത്ത് സേതു ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. കുട്ടനാടിന്റെ പശ്ചാത്തലം സിനിമയ്ക്ക് ഗുണമായി. ഒരു ഫാമിലി എന്റർടെയിനറാണ് ഈ സിനിമ.മലയാളത്തിന്റെ സ്വന്തം ഹരിയേട്ടനായി മമ്മൂട്ടി തിളങ്ങി. ഷംന കാസിമിന്റെ എസ്.ഐ. നീനാ കുറുപ്പ് ശ്രദ്ധേയമായി. പ്രക്ഷേകരെ ആവേശം കൊള്ളിക്കാനും ചിരിപ്പിക്കാനും ഇടയ്ക്ക് കണ്ണുകളെ ഈറനണിയിക്കാനും ഹരിയേട്ടന് കഴിഞ്ഞു. കുടുംബ പ്രേക്ഷകർ " ഒരു കുട്ടനാടൻ ബ്ലോഗ് " എറ്റെടുക്കും എന്ന് പ്രതീക്ഷിക്കുന്നു. 
റേറ്റിംഗ്  : 3.5 / 5.        
സലിം പി. ചാക്കോ .  


No comments:

Powered by Blogger.